ദുബായിലെ മഴ

ഷാജി മൂലേപ്പാട്ട്‌ കഥ

പുറത്ത്‌ മഴ കോരി ചൊരിയുകയാണ്‌. നീലകുറിഞ്ഞികള്‍ പൂക്കുന്ന പോലെ മരുഭുമിയിലെ അപൂര്‍വ്വമായ മഴ. മഴയുടെ കുളിരനുഭവിക്കാന്‍ ഞാന്‍ കുടയുമെടുത്ത്‌ ബില്‍ഡിങ്ങിന്‌ പുറത്തിറങ്ങി. പോലീസു വണ്ടികളുടെയും, ആമ്പുലന്‍സുകളുടെയും ആരവം മാത്രം. ശക്‌തിയേറിയ ഇടിയും, മിന്നലും. പുറത്ത്‌ നടക്കുന്നത്‌ സുരക്ഷിതമല്ലെന്ന്‌ തോന്നി റൂമിലേക്ക്‌ തിരിച്ചു. വിണ്‍ഡോ ഏസിയുടെ അരികിലുള്ള പഴുതിലൂടെ വെള്ളം കിനിഞ്ഞിറങ്ങാന്‍ തുടങ്ങിയിരിക്കുന്നു. മുപ്പത്തഞ്ച്‌ വര്‍ഷത്തിനുമേല്‍ പഴക്കമുള്ള കെട്ടിടമാണിത്‌. ചുവരുകളും, ജനലും, വാതിലുകളും വാര്‍ദ്ധക്യ സഹജമായ ദുര്‍ബലതകള്‍ കാണിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. വെള്ളം കിനിഞ്ഞിറങ്ങി ചുവരരികില്‍ കിടക്കുന്ന നല്ല സോഫയും, ചവിട്ടിയും നനയുമോ ...? . നനഞ്ഞോട്ടെ..!! വെറുതെ നിര്‍വികാരനായി നോക്കിയിരിക്കാനെ എനിക്ക്‌ കഴിഞ്ഞുള്ളൂ. മഴ കണ്ട്‌ മനം കുളിര്‍ത്തിട്ടും ഒരു നിര്‍വികാരത. ഏകാന്തതയുടെ തടവുകാരനെ പോലെ ചില്ലു ജാലകത്തിനിപ്പുറത്ത്‌ നിന്ന്‌ ആകാശ ചരുവില്‍ നിന്ന്‌ വീഴുന്ന മഴത്തുള്ളികളെ നോക്കി നിന്നു. ഒരു കാറ്റ്‌ ചീറിയടിച്ചു. ഞാനൊന്നു ചൂളി നെഞ്ചോട്‌ കൈ ചേര്‍ത്തു പിടിച്ചു. മഴതുള്ളികള്‍ കാറ്റിനൊപ്പം ചില്ലില്‍ തട്ടി ചിതറി വീണു. തൊട്ടടുത്തുള്ള കെട്ടിടത്തിനു മുകളിലെ ടിവി ആന്‍റിനക്കു മുകളില്‍ ഒരു കൂട്ടം കിളികള്‍ നനഞ്ഞ്‌ കുതിര്‍ന്ന്‌ എങ്ങു പോകണമെന്നറിയാതെ നിസ്സഹായരായിരിക്കുന്നു. കാടും, മലകളും, പച്ചപ്പും നിറഞ്ഞ ജന്മഭുമി വെടിഞ്ഞ്‌ മരുഭുമി തേടി വന്ന പ്രവാസികളായിരിക്കുമോ ഇവരും...? വെള്ളിയാഴ്‌ച്ചയാണെങ്കിലും വൈകി അഞ്ചു മണിക്ക്‌ ഡിസി ബുക്‌സ്‌ തുറക്കും. ഹൈദ്രാലിയെ വിളിച്ചിരുന്നു. മുടി പേറ്റ്‌ വെട്ടി കുറ്റിതാടിയും ചുണ്ടില്‍ ചെറു പുഞ്ചിരിയുമായി ഇരിക്കുന്ന ഹൈദ്രാലി തന്നെയാണ്‌ ദുബായ്‌ ഡിസിയുടെ ആകര്‍ഷണം. ഇന്ന്‌ ജോഷിയും വരാമെന്നു പറഞ്ഞിട്ടുണ്ട്‌. ഞങ്ങള്‍ മൂന്നു പേരും കൂടി സാഹിത്യ പുസ്‌തകങ്ങളെ പറ്റിയും, എംടി യേയും, പുനത്തിലിനെയും പറ്റി ഒരു ചര്‍ച്ച. നാട്ടിന്‍ പുറത്തെ കലുങ്കിലിരുന്ന്‌ വാര്‍ത്തകള്‍ വിശകലനം ചെയ്യുന്ന ഒരു പ്രതീതിയാണപ്പോള്‍

0 അഭിപ്രായ(ങ്ങള്‍):

Post a Comment